ഐ.പി.എ 'ബിഗ് നൈറ്റ്' @ ദുബായ്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥി

ദുബായ്: വാണിജ്യമേഖലയിലെ നൂതന ആശയങ്ങള്‍ പരസ്പരം കൈമാറുകയെന്ന ലക്ഷ്യവുമായി ദുബായിൽ ഐ.പി.എ  (ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍) 'ബിഗ് നൈറ്റ്' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ഐ. പി. എ ഭാരവാഹികള്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച (15.09.2017) ന് വൈകിട്ട് 5.31-ന് ദുബൈ ദേരയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് പരിപാടി. ചടങ്ങില്‍ പ്രമുഖ സംരംഭകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുക്കും. 


വാണിജ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംരംഭകരെ ചടങ്ങില്‍ ആദരിക്കും. എം. എ അഷ്‌റഫ് അലി- ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍, വി അബു അബ്ദുളള-വീപീസ് ഗ്രൂപ്പ്, റോയ് ഗോമസ്-ബ്രാന്‍ഡ്‌ഫോളിയോ എന്നീ ബിസിനസ് സംരഭകരെയാണ് ചടങ്ങില്‍ ഐ.പി.എ ആദരിക്കുന്നത്. വാണിജ്യ രംഗത്ത് വിജയം കൈവരിച്ച 'സാമൂഹ്യ പ്രതിബദ്ധതയുള്ള' സംരംഭകരുടെ അനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സെഷനാണ് ഐപിഎ 'ബിഗ് നൈറ്റ'്. പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയെ പങ്കെടുപ്പിച്ച് കൊണ്ട് 'ഇന്‍സ്‌പെയര്‍ മീറ്റ്' എന്ന പേരില്‍ ഐ.പി.എ മുന്‍പ് പരിപാടി സംഘടിപ്പിച്ചിരുന്നു.



സമൂഹത്തോട് ഏറെ പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന വ്യവസായിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി. ഇന്ന് ആയിരകണക്കിന് ജീവനക്കാരും കോടികണക്കിന് രൂപയുടെ വിറ്റുവരുവുമുള്ള കമ്പനിയായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാറിയിരിക്കുന്നു. വണ്ടര്‍ ലാ പോലുളള വ്യത്യസ്തമായ സംരംഭങ്ങളും ഈ കൂടുംബത്തില്‍ നിന്നും പിറവിയെടുത്തതാണ്. അവശത അനുഭവിക്കുന്ന ജനവിഭാഗത്തോടൊപ്പം നിന്ന് വാണിജ്യ ലോകത്തിന് മാതൃക കാണിക്കാനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സാധിച്ചു. ഇത്തരത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ബിസിനസ്- ജീവിത അനുഭവങ്ങള്‍ പങ്കുവെച്ച് ഐ.പി.എ വേദിയിലെത്തുമ്പോള്‍ പുതു സംരംഭകര്‍ക്ക് അത് വലിയ അനുഭവമാകുമെന്ന തിരിച്ചറിവോടെയാണ് 'ബിഗ് നൈറ്റ'് സംഘടിപ്പിക്കപ്പെടുന്നതെന്ന് ഐ.പി.എ ചെയര്‍മാന്‍ എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പറഞ്ഞു. പരിപാടിയില്‍ മോട്ടിവേഷന്‍ ട്രെയിനറായ സജീവ് നായര്‍ അവതരിപ്പിക്കുന്ന 'ഡിസൈന്‍ യുവര്‍ ഡെസ്റ്റിനി' എന്ന പേരിലുളള ബിസിനസ് മോറ്റിവേഷന്‍ ക്ലാസും ഉണ്ടാകുമെന്ന് ഐ.പി.എ ഭാരവാഹികള്‍ അറിയിച്ചു.


                 വി-ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 

200ലധികം വരുന്ന ഉപഭോക്താക്കള്‍ ഉള്‍പ്പെടുന്ന ഐ പി എ ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകരെ വളര്‍ത്തിയെടുക്കാനാണ് പരിശ്രമിക്കുന്നതെന്ന് ഐ പി എ സ്ട്രാറ്റജിക്ക് ഡയറക്ടര്‍ സഹീര്‍ സ്റ്റോറീസ് പറഞ്ഞു. ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്‌ , വൈസ് ചെയര്‍മാന്‍ ഹാരിസ് വൂട്സ്., അല്‍ത്താഫ് എൽഇഡി വേൾഡ്, ട്രഷര്‍ സി കെ മുഹമ്മദ്‌ ഷാഫി അല്‍ മൂര്‍ഷിദി, ജനറല്‍ കണ്‍വീനര്‍ ജോജോ സി കാഞ്ഞിരക്കാടന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

No comments:

Powered by Blogger.