തെക്കുംമുറി ഹരിദാസ്‌: യുറോപ്പിലെ ദക്ഷിണേന്ത്യയുടെ അംബാസ്സിഡർ

Read amazing business journey of T Haridas (Thekkumuri Haridas), Managing Director of UK-based Kerala Group of Restaurants with the flagship restaurant Malabar Junction, located in the central London. The group owns 10 restaurants in the UK. Thekkumuri Haridas is also an ardent promoter of Kerala's culture and tourism to Kerala. Information for tourists to Kerala are freely available in all his restaurants. He has been referred as the Cultural Ambassador for Kerala in the UK.


   കേരള ഗ്രൂപ്പ്‌ ഓഫ് റസ്റ്റ്‌ടോർന്റ്സ്  
മാനേജിങ് ഡയറക്ടറായ തെക്കുംമുറി ഹരിദാസ്‌  

ഗുരുവായൂരിൽ ജനിച്ച ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ ഉദ്യോഗം നേടി പീന്നീട് ബിസിനസുകാരനായി മാറിയ തെക്കുംമുറി ഹരിദാസ്‌ ഇന്ത്യയുടെയും പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെയും അഭിമാനമാണ്. നാല്പത് വർഷങ്ങൾക്ക് മുൻപ്‌ ലണ്ടനിലേക്ക് പറന്ന് ഹരിദാസ്‌ ഇന്ന് യുകെയിലെ പ്രശസ്തമായ ദക്ഷിണേന്ത്യൻ ഹോട്ടൽ ശൃംഖലയായ കേരള ഗ്രൂപ്പ്‌ ഓഫ് റസ്റ്റ്‌ടോർന്റ്സ്  അഥവാ കെ.ജി.ആറിന്റെ സാരഥിയാണ്. 120 ൽ അധികം പേർ ജോലി ചെയ്യുന്ന 9 ഹോട്ടലുകൾ അടങ്ങിയ കെ ജി ആറിന്റെ വാർഷിക വിറ്റുവരവ് 26 കോടി രൂപയാണ്. 

90 ശതമാനം വിദേശികളാണ് ഉപഭോക്താക്കൾ എന്നത് കെജിആറിന്റെ പെരുമ വരച്ചുകാട്ടുന്നു. ഇതിൽ പ്രശസ്തരായ വി ഐ പികൾ, ഗവർണർമാർ, രാജകുടുംബ അംഗങ്ങൾ , സിനിമ താരങ്ങൾ , രാഷ്ട്രീയക്കാർ, പ്രമുഖ വ്യവ്യസായികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. പരമ്പരാഗത കേരളീയതനിമയിൽ രൂപകല്‌പന ചെയ്ത ഹോട്ടൽ, രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിര,  മികച്ച സേവനം, പിന്നെ ന്യായമായ വിലയുമാണ്‌ കെജിആറിന്റെ മുഖമുദ്ര.  

ഉറക്കത്തിൽ കാണുന്നത് അല്ല സ്വപ്നം, മറിച്ച് നിങ്ങളുടെ ഉറക്കം കളയുന്നത് എന്താണോ അതാണ് സ്വപനം ഒരിക്കൽ മുൻ രാഷ്ട്രപതിയായ എപിജെ അബ്ദുൽ കലാം പറഞ്ഞു. വലിയ വലിയ സ്വപ്നങ്ങൾ കാണാനുള്ള മനസാണ് ഗുരുവായൂരിൽ നിന്നും ലണ്ടനിലേക്കും, ഉദ്യോഗസ്ഥനിൽ നിന്നും ബിസിനസുകാരനായി ഹരിദാസിനെ മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.   

കഷ്ടപ്പാടുകളുടെ യൗവ്വന കാലം 

ഗുരുവായൂരിലെ തെക്കുംമുറി വീട്ടിൽ ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മകനായി ജനിച്ച ഹരിദാസ്‌ പഠിക്കാൻ മിടുക്കനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിത്തം പലപ്പോഴായി മുടങ്ങി. ജലഗതാഗത വകുപ്പിൽ ജീവനക്കാരനായിരുന്ന ഭാസ്കരൻ നായരുടെ വരുമാനത്തിൽ ആണ് നാല് കുട്ടികൾ ഉള്ള കുടുംബം കഴിഞ്ഞു പോന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലിക്ക് വേണ്ടി ഹരിദാസ്‌ തമിഴ്നാട്ടിൽ ഒരുപാട് അലഞ്ഞു. പിന്നീട് ഒരു തുണിമില്ലിൽ 325 രൂപ മാസശമ്പളക്കാരനായി ജോലി ചെയ്തു. 

പ്രതീക്ഷകൾ വിമാനം കേറുന്നു  

ആയിടക്കാണ്‌ ലണ്ടനിൽ പോകാനുള്ള അവസരം ഹരിദാസിനെ തേടി വരുന്നത്. 1972 ൽ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ ഉദ്യോഗസ്ഥനായിരുന്ന അമ്മാവൻ എം. ആർ. സി. നായരാണ് ഹരിദാസിനെ ഇംഗ്ലണ്ടിൽ എത്തിച്ചത്. അത് അദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തു. 

ലണ്ടനിൽ ഹോട്ടൽ തൊഴിലാളി മുതൽ പെട്രോൾ പമ്പിൽ വരെ പണിയെടുത്തു. പലപ്പോഴും മൂന്ന് മണിക്കൂർ ഉറങ്ങാൻ കഷ്ടപ്പെട്ടു ഹരിദാസ്‌ പറഞ്ഞു.

കഠിനാധ്വാനിയായ ഹരിദാസ്‌ ലണ്ടനിലെ ഹൈകമ്മീഷനിലെ ജോലിക്ക് ശേഷമുള്ള ഒഴിവു സമയത്ത് ലയൺസ് റസ്റ്ററന്റിൽ ജോലിയിൽ പ്രവേശിച്ചു. വിനയവും മികച്ച സേവനവും കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഹരിദാസിനെ ലയൺസ് കേറ്ററിംഗ് കോഴ്സിന് അയച്ചു. അസിസ്റ്റന്റ്‌ മാനേജരായി തിരിച്ചു വന്ന ഹരിദാസ്‌ നടപ്പാക്കിയ ചില പരീക്ഷണങ്ങൾ ഹോട്ടലിന് വൻ വരുമാനം നേടി കൊടുത്തു. രാവിലെ ഒൻപതു മുതൽ രാത്രി പത്തു വരെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ, ദൂരദേശങ്ങളിൽ ജോലിക്ക് പോകുന്നവർക്ക് പ്രഭാത ഭക്ഷണം നൽകാൻ രാവിലെ ഏഴിന് തന്നെ തുറക്കണം എന്ന് ഹരിദാസ്‌ അഭിപ്രായപെട്ടു. ഇത് വൻ വിജയമായി. 

രാഗത്തിൽ തുടക്കം, ഗംഭീരമാക്കി ശ്രീകൃഷ്ണ 

ബ്രിട്ടണിലെ സാമ്പത്തികമാന്ദ്യം താങ്ങാൻ ആവാതെ വന്നപ്പോൾ ലയൺസ് ഗ്രൂപ്പ് ഹോട്ടലുകൾ മറ്റൊരാൾക്ക് വിറ്റു. തുടരാൻ പുതിയ മാനേജ്‌മന്റ്‌ അവശ്യപ്പെട്ടെങ്കിലും ഹരിദാസിന് താല്പര്യം പ്രകടിപ്പിച്ചില്ല. പ്രതിസന്ധികൾ പിടിച്ചു കുലുക്കിയെങ്കിലും അദ്ദേഹം തളർന്നില്ല. ഗുരുവായൂരപ്പ ഭക്തനായ ഹരിദാസ്‌ ആത്മവിശ്വാസത്തോടെ മുന്നേറി. 

ആ സമയത്താണ് ട്യുട്ടിംഗിലെ ശ്രീകൃഷ്ണ റസ്റ്റ്‌റന്റ് ഉടമ രാമനാരായണനെ ഹരിദാസ്‌ പരിചയപ്പെടുന്നത്.  ലണ്ടനിലെ ക്ലീവ് ലാൻഡ്‌ സ്ട്രീറ്റിൽ ഒരു ഹോട്ടൽ വില്പനക്ക് ഉണ്ടെന്ന് അറിഞ്ഞ ഹരിദാസ്‌ രാമനാരായണനോട് അഭിപ്രായം ചോദിച്ചപ്പോൾ, വാങ്ങിക്കൊള്ളൻ അദ്ദേഹം അനുമതി നല്കി. അങ്ങനെ 1983- ൽ രാഗം പിറന്നു. ഭാര്യയുടെ സഹോദരനെ മേൽനോട്ടം ഏൽപ്പിച്ച ഹരിദാസ്‌ രാമനാരായണനോടൊപ്പം തുടർന്നു. 

1988-ൽ രാമനാഥൻ ശ്രീകൃഷ്ണ ഹോട്ടൽ ഏഴ് ലക്ഷം പൗണ്ടിന് (ആറര കോടി രൂപ) ഹരിദാസിനു കൈമാറാൻ തീരുമാനിച്ചു. "തികച്ചും അപ്രതീക്ഷിതമായാണ് എന്റെ കൈയിൽ വന്നു ചേരുന്നത്. രാമേട്ടൻ ചോദിക്കുന്ന സമയത്ത് എൻറെ കൈയിൽ പണമുണ്ടായിരുന്നില്ല. ഉടൻ ഇക്വിറ്റോറിയൽ ബാങ്ക് മാനേജർ മലയാളിയായ  ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടു. ഈടില്ലാതെ, ഉപാധികളില്ലാതെ അദ്ദേഹം ലോൺ വേഗത്തിൽ അനുവദിച്ചു. അതാണ് ബിസിനസ്‌ രംഗത്ത് വഴിതിരിവായതും," ഹരിദാസ്‌ ഓർമിക്കുന്നു.   
  
ആഹാര (കേരള) നയതന്ത്രം 

ഭക്ഷണവും സംസ്കാരവും ഓരേ പോലെ സമന്വയിപ്പിച്ചാണ് ഹരിദാസ്‌ വിജയത്തിന്റെ രസകൂട്ട് സൃഷ്ടിച്ചത്. അത് വരെ തണ്ടൂരിയും ടിക്ക മസാലയും കഴിച്ചു ശീലിച്ച വിദേശിയെ ഹരിദാസ്‌ കേരളീയ വിഭവങ്ങൾ വിളമ്പി, രുചിയുടെ പൂരം, സമ്മാനിക്കുന്നതിനോട് ഒപ്പം സംസ്ഥാനത്തിന്റെ സംസ്കാരവും വിദേശികൾക്ക് പരിചയപ്പെടുത്തി. 

"നമ്മുടെ ആഹാരം മാത്രമല്ല സംസ്കാരവും  വിദേശികൾ അറിയണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് വിദേശ രാജ്യങ്ങളിൽ കേരളത്തിന്‌ പ്രചാരം വളരെ കുറവായിരുന്നു. ഇത് ഹോട്ടൽ വഴി പരിഹരിക്കാനാണ് ഞാൻ ശ്രമിച്ചത്. ഇന്ത്യയെ കുറിച്ചുള്ള ലഘുലേഖകൾ ഹോട്ടലിൽ സൗജന്യമായി വിതരണം ചെയ്തു," അദ്ദേഹം ചൂണ്ടികാട്ടി.   

ഏതു വിഭവവും തയാറാക്കുന്ന വിധം വ്യക്തമായി മെനുവിൽ വിശദീകരിച്ചിരിക്കും. ആ വിവരണത്തിലുടെ ആഹാരത്തിലേക്ക് കൂടുതൽ അടുക്കുകയാണ് ഉപഭോക്താക്കൾ അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ സ്വന്തം അംബാസ്സിഡർ

ഹരിദാസിന്റെ മിഷൻ കേരളം - സാംസ്‌കാരിക പൈത്രകവും വിനോദസഞ്ചാര സ്ഥലങ്ങളെയും കോർത്തിണക്കി സംസ്ഥാനത്തിനെ ആഗോളതലത്തിൽ മാർക്കറ്റ്‌ ചെയ്തത് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നതിലും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശികളെ ആകർഷിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. 

കെജിആർ ഹോട്ടലുകളിൽ ദക്ഷിണേന്ത്യയെ പറ്റിയുള്ള സകല വിവരങ്ങളും സൗജന്യമായി ലഭിക്കും. 2011 ൽ യുകെ ബിസിനസ്‌ ഫോറം ദക്ഷിണേന്ത്യയെയുടെ സാംസ്‌കാരിക അംബാസ്സിഡർ ആയി അറിയപ്പെടുന്ന തെക്കുംമുറി ഹരിദാസിനെ ഉന്നത പുരസ്‌കാരമായ കേരള ബിസിനസ്‌മാൻ ഓഫ് ദി ഇയർ ബ്രിട്ടീഷ്‌ പാർലമെന്റിൽ വച്ച് നൽകി ആദരിച്ചു. 

സ്വപ്ന പദ്ധതി ഗുരുവായൂരിൽ 

പ്രമുഖ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ ഭക്തർക്ക് നല്ല ആഹാരം കുറഞ്ഞ ചിലവിൽ നൽകുന്ന ഹോട്ടൽ സംരംഭം ആരംഭിച്ചു കഴിഞ്ഞു. ഇതെന്റെ സ്വപ്ന പദ്ധതിയാണ്. പാവപ്പെട്ട ഭക്തർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാനും പദ്ധതിയുമുണ്ട് ഹരിദാസ്‌ പറഞ്ഞു. 

കേരളത്തിൽ നിന്നും ജോലി തേടി വരുന്നവർക്ക് ഒരു ആശ്രയം കൂടിയാണ് ഹരിദാസിന്റെ ഹോട്ടലുകൾ. ഭാര്യ ജയലത മക്കളായ വൈശാഖ്, വിനോദ്, നിലേഷ്, നിഖിലുമാണ് ഹരിദാസിനെ ബിസിനസിൽ സഹായിക്കുന്നത്. 

കുട്ടിക്കാലത്ത് ഗുരുവായൂർ അമ്പലത്തിൽ ഒരു നെയ്യ് വിളക്ക് നേരാൻ മോഹിച്ച ഹരിദാസാണ് കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി ഏറ്റവും ചെലവ് കൂടിയ വിഷുവിളക്ക്  നടത്തുന്നത്! 

No comments:

Powered by Blogger.