ആലത്തൂരിൽ 9,969 പൈപ്പ് പൊട്ടലുകൾ; ചെലവഴിച്ചത് 6.60 കോടി
* 69 ജലമോഷണ കേസുകളും റിപ്പോർട്ട് ചെയ്തു
പാലക്കാട്: ജില്ല രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ, വാട്ടർ അതോറിറ്റിയുടെ ആലത്തൂർ പബ്ലിക് ഹെൽത്ത് സബ് ഡിവിഷൻ പരിധിയിലെ ആലത്തൂർ, കുഴൽമന്ദം സെക്ഷനുകളിലായി 2016–17 മുതൽ 2026 മെയ് വരെ 9,969 പൈപ്പ് പൊട്ടലുകൾ ഉണ്ടായതായി വിവരാവകാശ രേഖ. അറ്റകുറ്റപ്പണികൾക്കായി 6.60 കോടി (6,60,30,844.45) ചെലവഴിച്ചതായും രേഖ വ്യക്തമാക്കുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ആലത്തൂർ പി.എച്ച്. സബ് ഡിവിഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആലത്തൂർ സെക്ഷനിൽ 2016–17 മുതൽ 2026 മെയ് വരെ 8,970 പൈപ്പ് പൊട്ടലുകൾ റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി 3.54 കോടി (3,54,75,099.45) ചെലവഴിച്ചു. 18 ജലമോഷണ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കണ്ണമ്പ്ര പഞ്ചായത്തിലെ ഒരു ഉന്നതതല ജലസംഭരണിയും കിഴക്കഞ്ചേരി പഞ്ചായത്തിലെ മാമ്പാട് പ്രദേശത്തെ ഒരു ഉന്നതതല ജലസംഭരണിയും വർഷങ്ങളായി ഉപയോഗശൂന്യമായ നിലയിലാണെന്നും രേഖയിൽ പറയുന്നു.
കുഴൽമന്ദം സെക്ഷനിൽ 2016–17 മുതൽ 2026 മെയ് വരെ 999 പൈപ്പ് പൊട്ടലുകൾ റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി
3.05 കോടി (3,05,55,745) ചെലവഴിച്ചു. 51 ജലമോഷണ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

No comments:
Post a Comment