Shanthitheeram Riverside Park: Exploring Malappuram Tourism
I was at Malappuram, the land of Gold and NRI entrepreneurs, to meet District Collector. After official parley, I went to Shanthitheeram Park located near Malappuram Collectorate to relax. Shanthitheeram Riverside Park is a must destination if you travel via Malappuram. The park offers Water Zorb, Boat Ride, Kayaking,Water Roller, Quad Bike Ride and more.
മലപ്പുറം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക പൊന്നും പ്രണയവും പിന്നെ കുറെ നല്ല മനുഷ്യരേയുമാണ്. മലപ്പുറത്തേക്കുള്ള ഓരോ യാത്രയും അത് കൊണ്ട് സുന്ദരവുമാണ്. ഇത്തവണ കൊച്ചിയിൽ നിന്നും മലപ്പുറത്തേക്ക് നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക വാഹനമായ കെഎസ്ആർടിസി ബസ്സിൽ യാത്ര തിരിച്ചു, തീവണ്ടികൾ വൈകിയാണ് ഓടുന്നത്, തമിഴ് മക്കൾ ജെലികെട്ടു സമരത്തിന്റെ ഭാഗമായി പലതും പിടിച്ചിട്ടിരിക്കുന്നു. എന്തായാലും ആനവണ്ടിയെ വിശ്വസിച്ചു മുന്നോട്ടു പോയി, വിശ്വാസം അതാണല്ലോ എല്ലാം!
മലപ്പുറം കളക്ടർനെയാണ് കാണേണ്ടത് കൃത്യ സമയത്തു എത്തണം, മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മനസിൽ പറഞ്ഞു. മട്ടാഞ്ചേരി പാലത്തിലെ തണുത്ത കാറ്റും, വാതുരുത്തിയിലെയും തേവരയിലെയും അന്യസംസ്ഥാന തൊഴിലാളികളെ ഒക്കെ കണ്ടു കെഎസ്ആർടിസി നോർത്ത് സ്റ്റാൻഡിൽ എത്തി. മലപ്പുറത്തേക്ക് നേരിട്ട് വണ്ടി ഉടൻ ഒന്നുമില്ല. 7.15 നു കോഴിക്കോട്ടേക്കുള്ള വണ്ടിയിൽ കേറി. വളയം പിടിക്കുന്ന ചങ്ങയായിയോട് കുശലാന്വേഷണം നടത്തി, നല്ല സഹകരണമുള്ള മനുഷ്യൻ.
ചങ്കുവെട്ടിയിൽ ഇറങ്ങിയാൽ മലപ്പുറത്തേക്ക് വണ്ടികൾ കിട്ടും ഡ്രൈവർ അണ്ണൻ പറഞ്ഞു. അദ്ദേഹം മുൻ സീറ്റിൽ ഇരിക്കാനും പറഞ്ഞു. ഫാസ്റ്റ് പാസ്സഞ്ചർ ആണെങ്കിലും സൂപ്പറിനെ തോൽപ്പിക്കുന്ന വേഗത, ഓവർ ടേക്കിങ്ങിൽ കണിശത. ഇതൊക്കെ കാണുമ്പോളാണ് ചില സൂപ്പറുകളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിപ്പോയത്. അങ്ങനെ അങ്കമാലിയും, ചാലക്കുടിയും, തൃശിവപേരൂരും ഒക്കെ കഴിഞ്ഞു വളവുകളുടെ നാട്ടിൽ എത്തി. വളവുകളെ പുഷ്പം പോലെ ഡ്രൈവർ അണ്ണൻ കൈകാര്യം ചെയ്തു. ഇടയ്ക്കു ചില എണ്ണ വണ്ടികൾ വട്ടം വെക്കാൻവന്നപ്പോൾ തനി കെഎസ്ആർടിസി ആളായി. എന്റെ ചങ്കിടിപ്പും കൂടി. എന്തായാലും 11:40 ന് ആനവണ്ടി ചങ്കുവെട്ടിയിൽ എത്തി. ഡ്രൈവർ അണ്ണനോട് ഒരു നന്ദി പറഞ്ഞു ഇറങ്ങി.
കളക്ടറിനെ കൃത്യസമയത്തു കണ്ടു. അതിനു ശേഷം കളക്ടറേറ്റിൽ തന്നെ ഉള്ള കാന്റീനിൽ നിന്നും നല്ല ഒരു ഊണു പാസ്സാക്കി. 30 രൂപക്ക് ചോറും കൂട്ടാനും ആവശ്യം പോലെ, പപ്പടവും കിട്ടി, പക്ഷെ തൂക്കു (തോരൻ, അച്ചാർ) തുടങ്ങിയവ രണ്ടാമത് കിട്ടില്ല. വൃത്തിയും ഉണ്ട്.
ഊണു കഴിഞ്ഞു വിശ്രമിക്കാൻ ഇടം നോക്കി പോയപ്പോളാണ് ശാന്തിതീരം പാർക്ക് ശ്രദ്ധയിൽപ്പെട്ടത്. പയ്യെ പയ്യെ അങ്ങോട്ട് പോയി. അങ്ങനെ ശാന്തിതീരത്തു എത്തി. പ്രവേശന ഫീസ് ഉണ്ടെന്നു കണ്ടെങ്കിലും എടുക്കേണ്ടി വന്നില്ല. പേരു സൂചിപ്പിക്കുമ്പോലെ തികച്ചും ശാന്തം. പുല്ലുകൾ നല്ല കലാകാരനെ പോലെ വെട്ടി നിർത്തിയിരിക്കുന്നു. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങൾ, പടവുകൾ പതിയെ ഇറങ്ങി വന്നപ്പോൾ പുഴയും, തണൽ വിടർത്തി മരങ്ങളും. യുവാക്കൾക്ക് ഹരം പകരാൻ ബൈക്ക് റൈഡ്, വാട്ടർ സ്പോര്ടസും ഒരുക്കിയിട്ടുണ്ട് ഇവിടെ. നിരക്കുകൾ കുറച്ചു കൂടുതൽ അല്ലെ എന്ന് തോന്നിപോയി. ചെടികൾക്ക് സംരക്ഷണം ഒരുക്കിയ കൂടുകൾ കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി - സഞ്ചാരിയുടെ സ്റ്റിക്കർ. നമ്മുടെ മച്ചാന്മാർ ഇവിടെയും ഉണ്ടെന്നത് സന്തോഷം നൽകി.
മലപ്പുറം ടൗണിൽ ഇത്രയും നല്ല സംവിധാനങ്ങൾ ഒരുക്കിയത് അഭിനന്ദനം അർഹിക്കുന്നു. ഉച്ചയായതു കൊണ്ടാകണം സന്ദർശകർ കുറവായിരുന്നു, അത് കൊണ്ട് ശാന്തമായി വിശ്രമിക്കാനും, പുഴയുടെ ഭംഗി ആവോളം ആസ്വദിക്കാനും പറ്റി. കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് ഒന്ന് വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ് ശാന്തിതീരം. കുടുംബത്തോടൊപ്പം വൈകുന്നേരം ചിലവിടാനും. ഒരു മണിക്കൂർ പോയതു അറിഞ്ഞില്ല. അടുത്ത ചർച്ചക്ക് കോട്ടക്കൽ എത്തണം. ശാന്തിതീരത്തോടു ഇനിയും വരാം എന്ന് ഗുഡ്ബൈ (തത്കാലത്തേക്ക്) പറഞ്ഞു യാത്ര തിരിച്ചു.
ഓരോ തവണയും മലപ്പുറത്തിന്റെ മൊഞ്ച് കൂടിക്കൊണ്ടേയിരുന്നു...
No comments:
Post a Comment