കെഎസ്ഇബി: അഴിമതിയുടെ പീക്ക് ലോഡിൽ
കെഎസ്ഇബി: അഴിമതിയുടെ പീക്ക് ലോഡിൽ
* സോളാർ പദ്ധതികൾ പാളി; ഏറ്റുമാനൂരിൽ ചെലവഴിച്ചത് 2.48 കോടി, മൈലാട്ടിയിൽ നഷ്ടം 1.58 കോടി
* വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി വിവരങ്ങൾ പുറത്തുവിട്ടു
കൊച്ചി: സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്നതിനിടെ, ഗ്രിഡ് ബന്ധിത സോളാർ പദ്ധതികൾ നടപ്പാക്കുന്നതിൽ കെഎസ്ഇബിയുടെ കെടുകാര്യസ്ഥത തുറന്നുകാട്ടി വിവരാവകാശ രേഖ.
ഏറ്റുമാനൂരിൽ 2.48 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്തിയില്ല. മൈലാട്ടിയിൽ 1.58 കോടി രൂപ നഷ്ടമുണ്ടായതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി വിവരങ്ങൾ പുറത്തുവിട്ടത്.
ഏറ്റുമാനൂർ: 6.68 കോടിയുടെ പദ്ധതി, ചെലവഴിച്ചത് 2.48 കോടി, നഷ്ടം കണക്കാക്കിയിട്ടില്ല!
6.68 കോടി രൂപ (6,68,72,000) ചെലവ് പ്രതീക്ഷിച്ച കോട്ടയം ഏറ്റുമാനൂരിലെ 1 മെഗാവാട്ട് സോളാർ പദ്ധതിക്കായി കരാറുകാർ വിതരണം ചെയ്ത സാധനങ്ങളുടെ വിലയ്ക്കും സംഭരണ ചാർജിനുമായി 2.48 കോടി രൂപ (2,48,76,289) കെഎസ്ഇബി അനുവദിച്ചു. എന്നാൽ പദ്ധതി നടപ്പാകാത്തതിനെ തുടർന്നുള്ള മൊത്തം നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല.
ബെംഗളൂരു ആസ്ഥാനമായ സ്ട്രാറ്റോടെക് ജൂൾ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡും ഗ്രീൻസോൾ റിന്യൂവബിൾ പവർ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന കൺസോർഷ്യത്തിനായിരുന്നു കരാർ.
2016 ജൂൺ 14 ന് കരാർ ഒപ്പിട്ടു. പിഴ ചുമത്താതെ പദ്ധതി പൂർത്തീകരണ കാലയളവ് 2022 ഡിസംബർ 31 വരെ കരാറുകാരന് നീട്ടി നൽകി.
മൈലാട്ടി: 1.58 കോടി നഷ്ടം, ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടി
5.82 കോടി രൂപ ചെലവ് വരുന്ന കാസർഗോഡ് ജില്ലയിലെ മൈലാട്ടി 220 കെവി സബ്സ്റ്റേഷനിലെ 1 മെഗാവാട്ട് ഗ്രിഡ് ബന്ധിത സോളാർ പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് കെഎസ്ഇബിക്ക് 1.58 കോടി രൂപ നഷ്ടമുണ്ടായി.
ചെന്നൈ ആസ്ഥാനമായ അലക്ട്രോണ എനർജി ലിമിറ്റഡ് ആയിരുന്നു കരാറുകാരൻ. 2018 മാർച്ച് 1ന് കരാർ ഒപ്പിട്ടു, 2018 ഓഗസ്റ്റ് 14ന് സ്ഥലം കൈമാറി. 2021-ൽ കെഎസ്ഇബി കരാർ റദ്ദാക്കി.
വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഇബി സോളാർ പ്രോജക്ട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെടുകാര്യസ്ഥതയും അഴിമതിയും
ആസൂത്രണമില്ലായ്മയും അശാസ്ത്രീയമായ സ്ഥലം തിരഞ്ഞെടുപ്പും എങ്ങനെ നികുതി പണം ചോർത്തിക്കളയുന്നു എന്നതിന് തെളിവാണ് ഏറ്റുമാനൂർ. മൈലാട്ടി കെഎസ്ഇബിയുടെ ഇച്ഛാശക്തിയില്ലായ്മ തുറന്നുകാട്ടുന്നു. ഇത് കാര്യക്ഷമതയില്ലായ്മയല്ല, കെഎസ്ഇബിയിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഗോവിന്ദൻ നമ്പൂതിരി കുറ്റപ്പെടുത്തി.
വൈദ്യുതി നിരക്ക് കൂട്ടാൻ ബോർഡ് ന്യായങ്ങൾ കണ്ടെത്തുമ്പോൾ, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരിൽ നിന്നും കെഎസ്‌ഇബി തുക ഈടാക്കാത്തത് എന്തുകൊണ്ട്. വൈദ്യുതി മന്ത്രിയും കെഎസ്ഇബിയും മറുപടി പറയണം. ഈ നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് തുക ഈടാക്കി വൈദ്യുതി ബില്ലിൽ കുറവ് വരുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.


No comments:
Post a Comment