മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയിട്ട് 18 മാസം


* ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, അനുവദിച്ചത് എത്ര? 
വിവരം സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്ന ഗുരുതര തട്ടിപ്പിനെക്കുറിച്ചു വിജിലൻസ് റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണം ഒരു വശത്ത് ഇഴഞ്ഞു നീങ്ങുന്നു. അതേപ്പോലെ, വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകി 18 മാസം കഴിഞ്ഞിട്ടും ഹിയറിങ്‌ നടത്തിയിട്ടില്ല. അനർഹർക്ക് ധനസഹായം കിട്ടിയെന്ന് വിവരം പുറത്തുവരുമ്പോളാണ് കമ്മീഷന്റെ മെല്ലെപോക്ക് ശ്രദ്ധേയമാകുന്നത്.

ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിന് മെയ് 2016 മുതൽ ജനുവരി 20, 2022 വരെ എത്ര അപേക്ഷകൾ ലഭിച്ചു, ധനസഹായം അനുവദിച്ച അപേക്ഷകളുടെ എണ്ണം എത്ര എന്നിവയെ കുറിച്ച് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ, വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന വിചിത്ര മറുപടിയായിരുന്നു റവന്യു (ഡിആർഎഫ്-എ) വകുപ്പ് വിവരാവകാശ ചോദ്യങ്ങൾക്ക് നൽകിയത്.

ഇതിനെ തുടർന്ന്, അപേക്ഷകൻ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ കഴിഞ്ഞ വർഷം ഏപ്രിൽ 15ന് അപ്പീൽ സമർപ്പിച്ചു. മെയ് 25ന് റവന്യു വകുപ്പ് മറുപടി സമർപ്പിച്ചെങ്കിലും വിവരാവകാശ കമ്മീഷൻ ഹിയറിങ് ഇതുവരെ വിളിച്ചിട്ടില്ല. വിവരാവകാശ കമ്മീഷണറുടെ അഭാവമാണ് വിവരാവകാശ കമ്മീഷൻ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

No comments:

Powered by Blogger.