കുമ്മനം രാജശേഖരൻ ഋഷിവര്യനാണ്, രാഷ്ട്രീയ നേതാവല്ല; ചില ഓർമ്മകൾ

കുമ്മനം രാജശേഖരൻ 

രാജേട്ടനുമായി ദീർഘനാളത്തെ ബന്ധമുണ്ട്, അതിന് വഴിയൊരുക്കിയത് എന്റെ അച്ഛനായിരുന്നു. പലപ്പോഴും കൊച്ചിയിൽ അല്ലെങ്കിൽ തിരുവനന്തപുരത്ത് രാജേട്ടൻ വരുമ്പോൾ കാണും, ശബരിമല മുതൽ പല വിഷയങ്ങളും ചർച്ച ചെയ്യും, ഒരു ഋഷിവര്യനായിട്ടാണ് അദ്ദേഹത്തെ ഞങ്ങൾ കണ്ടത്, അച്ഛനുമായി നല്ല സൗഹൃദം പങ്കിട്ട വ്യക്തിയാണ് രാജേട്ടൻ. ഹിന്ദു ഐക്യവേദിയുടെ വാർത്തകൾ ഇന്ത്യന്‍ എക്‌സ്പ്രസിൽ കൊടുക്കാൻ വേണ്ടി അച്ഛനെ പല തവണ വിളിക്കാറുമുണ്ടായിരുന്നു. ചില കാര്യങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ, അത് ഒരു ഋഷിവര്യന്റേതായിരുന്നു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയി രാജേട്ടൻ വന്ന സമയം (തീർത്തും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നല്ലോ), എന്റെ ജീവിതത്തിലും സംഭവിച്ചു ചില കാര്യങ്ങൾ, രാജേട്ടന്റെ സെക്രട്ടറിയോട് കാര്യം അവതരിപ്പിച്ചെങ്കിലും തണുപ്പൻ പ്രതികരണം, പിന്നെ ഞാൻ ഇന്ന് വരെ അദ്ദേഹത്തെ വിളിച്ചിട്ടില്ല. അദ്ദേഹത്തിന് എങ്ങനെ ഉറ്റ കൂട്ടുകാരനെ മറക്കാൻ പറ്റുമെന്ന് തോന്നിപോയ നിമിഷങ്ങൾ, ഒരു നോക്ക് കാണാൻ എന്ത് കൊണ്ട് വന്നില്ല...പക്ഷെ എനിക്ക് അദ്ദേഹത്തോട് ഒരു പരിഭവും തോന്നിയില്ല.

ഒരു കാര്യം പറയാതെ വയ്യ. അദ്ദേഹം ചുമതല എടുത്തതിന് ശേഷം പാർട്ടിയുടെ പ്രവർത്തനം കീഴ് മേൽ മറിഞ്ഞു. പാർട്ടിയുടെ സജീവ പ്രവർത്തകർക്ക് നേരെ ഒരുപാടു ആക്രമണങ്ങൾ, എല്ലാത്തിനും ഒരേ വിശദീകരണം. ആദ്യമായാണ് പാർട്ടിയുടെ ഓഫീസ് ഇത്ര നിർജീവമായി കണ്ടത്. പല മികച്ച പ്രവർത്തകരും അവരുടെ തിരക്കിലേക്ക് പോയി. അണികളുടെ രോഷം പൊട്ടുമെന്നു അറിഞ്ഞിട്ടും, കണ്ണൂരിൽ പലപ്പോഴും, എന്നിട്ടും അദ്ദേഹം മിണ്ടാതെ ഇരുന്നു. കാരണം ഞാൻ മുകളിൽ പറഞ്ഞത് പോലെ ഋഷിവര്യനാണ് അദ്ദേഹം, ഒരു രാഷ്ട്രീയ നേതാവിനെ അദ്ദേഹത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ പറ്റില്ല. എല്ലാവരോടും ഒരേ പെരുമാറ്റം, ഒരേ രീതി. ഇതല്ലേ ഒരു ഗവർണ്ണർ ആകാൻ വേണ്ടത്.

ഇടയ്ക്ക് ദേശീയ നേതാക്കളോട് സംസാരിക്കുമ്പോൾ വിഷമം പങ്കുവെച്ചിരുന്നു. ശരിയായ സമയത്ത് ശരിയായ തീരുമാനം വരും, കാത്തിരിക്കൂ എന്ന് മറുപടി കിട്ടി.

പാർട്ടി എടുത്ത തീരുമാനം (കുറച്ചു വൈകി പോയെങ്കിലും) നല്ലതാണ്, കാരണം സംസ്ഥാനത്ത് പാർട്ടി വളരണമെങ്കിൽ ശക്തനായ നേതാവ് വേണം, ഋഷിവര്യനെ ഏൽപ്പിച്ചാൽ നടക്കില്ല. അതേസമയം ഋഷിവര്യനെ യഥാസ്ഥാനത്ത് ഇരുത്തുകയും വേണം. നിലയ്ക്കൽ, ആറന്മുള തുടങ്ങിയ സമരങ്ങൾക്ക് മുന്നിൽ നിന്ന് നയിച്ച വ്യക്തിക്ക് അനുയോജ്യമായ സ്ഥാനമാണ് പാർട്ടി നൽകിയത്.

എല്ലാ ഭാവുകങ്ങളും നേരുന്നു പ്രിയ രാജേട്ടാ....

വാൽകഷ്ണം: ഒരു വെടിക്ക് രണ്ടു പക്ഷി, അമിത് ഷാ വില്ലാളി വീരനാണ്!

No comments:

Powered by Blogger.